PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, April 14, 2024

നിങ്ങളറിയാത്ത ഒരു സ്പീക്കർ നിർമ്മാതാവ്

 നിങ്ങളറിയാത്ത
 ഒരു സ്പീക്കർ നിർമ്മാതാവ്

 
 
 
1954ൽ നീലക്കുയിൽ എന്ന മലയാള സിനിമ നിർമ്മിച്ച് രംഗ പ്രവേശം ചെയ്ത ആദ്യകാല സിനിമാ നിർമ്മാതാവായ TK പരീക്കുട്ടി സാഹിബിൻ്റെ ഉടമസ്ഥതയിൽ 1969ൽ കൊച്ചിയിൽ തുടങ്ങിയ സൈന തീയേറ്റർ അന്നത്തെ ഏറ്റവും ആധുനിക രീതിയിലുള്ള വെസ് ട്രെക്സ് 6 ട്രാക്ക് സ്റ്റീരിയോ സൗണ്ട് സിസ്റ്റം കൊണ്ടും, 70 mm ദൃശ്യ പ്പൊലിമ കൊണ്ടും കേരളത്തിലെ സിനിമയുടെയും, ഒപ്പം സംഗീതാസ്വാദകരെയും ദൃശ്യ ശ്രാവ്യ വിസ്മയത്തിൻ്റെ കൊടുമുടിയിലെത്തിച്ച ആദ്യ സംരംഭമായിരുന്നു.
ഈ സംരഭത്തിൽ ചെറിയ ഒരു പങ്ക് വഹിച്ച എന്നാൽ തൻ്റെ പരിചയവലയത്തിനപ്പുറം അറിയപ്പെടാത്ത ഒരാളുണ്ടായിരുന്നു... പരീക്കുട്ടി സാഹിബിൻ്റെ നൂറു കണക്കിന് തോണികളിൽ ഒന്നിൻ്റെ തുഴക്കാരനായിരുന്ന മാളിയേക്കൽ കാദർ...
സൈന തീയേറ്ററിൽ ഓരോ പടം മാറുമ്പോഴും അതിൻ്റെ പരസ്യം ഒരു ചെണ്ടക്കാരൻ്റെ അകമ്പടിയോടെ തോണിയിൽ വച്ച സിനിമാ പോസ്റ്റർ സഹിതം ജലഗതാഗത മാർഗ്ഗങ്ങളാൽ സമ്പന്നമായ കൊച്ചിയിലെ ഓരോ കടവിലുമെത്തി ചെണ്ടകൊട്ടി വിളംബരം ചെയ്യുന്ന അധിക ജോലി കൂടി കാദറിനുണ്ടായിരുന്നു.
താനും ഭാര്യയും ഒപ്പം 9 മക്കളും അടങ്ങിയ കുടുംബത്തിനെ പ്പോറ്റാൻ ഏത് അധിക ജോലിയും ചെയ്യാൻ കാദറിക്ക സന്നദ്ധനുമായിരുന്നു.
കാദറിൻ്റെ.മൂന്നാമത്തെ പുത്രനായിരുന്നു ഇസ്മായിൽ .ചെറുപ്പം മുതലേ തട്ട് മുട്ട് വിദ്യകളിലും ബാറ്ററി കൂട്ടിമുട്ടിച്ച് ബൾബ് കത്തിക്കുക പോലുള്ള അതിഭയങ്കര സാങ്കേതിക വിദ്യകളിലും നിപുണനായിരുന്നു ഇസ്മായിൽ.
കൂടാതെ വാപ്പായ്ക്ക് തീയേറ്ററിലുള്ള ഫ്രീ പാസ് കരസ്ഥമാക്കി സിനിമാ കാണലും പതിവാക്കി.സൈനാ തീയേറ്ററിൽ പോയി പടം കാണുക എന്നതിനേക്കാൾ പ്രൊജക്റ്റർ റൂമിൽ കയറി അവിടെയിരിക്കുന്ന ആംപ്ലിഫയറുകളും, റെക്കാഡ് പ്ലയറും, സ്പീക്കറുകളുമൊക്കെ തൊട്ടും പിടിച്ചും നോക്കുകയും, ഇവയുടെ സർവ്വീസിങ്ങിന് വരുന്ന എഞ്ചിനീയർമാരുമായി ചങ്ങാത്തം കൂടി അവർക്കൊപ്പം സഹായിയായി നിൽക്കുകയുമായിരുന്നു ഇസ്മായിലിൻ്റെ പ്രധാന ലക്ഷ്യം.
പത്താം ക്ലാസ് പാസായതോടെ ഇസ്മായിലിനെ വാപ്പാ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലേക്ക് നാട് കടത്തി. അവിടെ ഇസ്മായിലിൻ്റെ അളിയൻമാരിൽ ഒരാളായ കോയാക്കയുടെ വീട്ടിലേക്കായിരുന്നു ഈ നാട് കടത്തൽ.
അവിടെ കോയയുടെ സുഹൃത്തായ റാഫേലാശാൻ്റെ കീഴിൽ കറണ്ട് പണികളിൽ താൽപ്പര്യമുള്ള മോനെ വയറിങ്ങ് പഠിപ്പിക്കുക എന്ന മറ്റൊരുദ്ദേശവും കാദറിനുണ്ടായിരുന്നു.
കുറച്ച് നാൾ അവിടെ നിന്നപ്പോഴേക്കും ഇസ്മായിലിന് ബോറടിച്ചു. കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന ചൊല്ല് കേട്ടിട്ടില്ലേ... അപ്പോൾ കൊച്ചിക്കാരനായ ഇസ്മായിലിൻ്റെ കാര്യം പറയേണ്ടതുണ്ടോ..
ഇസ്മായിൽ വലിച്ച് വിട്ട റബർ ബാൻഡ് പോലെ തിരികെ കൊച്ചിയിലെത്തി.. വീണ്ടും സൈന തീയേറ്ററിലെ സ്ഥിരം സന്ദർശകനായി
അവിടെ സ്ഥിരമായി വരാറുണ്ടായിരുന്ന ഫോട്ടോ ഫോൺ പ്രൊജക്റ്റർ കമ്പനിയുടെ ചീഫ് എഞ്ചിനീയറായ മോഹൻ ബാലാജിയുമായും, സിനിമാ കാർബൺ അടക്കം തീയേറ്ററിലേക്ക് ആവശ്യമായ കൺസ്യൂമബിൾസ് സപ്ലേ ചെയ്യുന്ന എറണാകുളം പുല്ലേപ്പടിയിൽ കാർത്തിക് സിനി സെൻ്റർ നടത്തുന്ന രാധാകൃഷ്ണൻ ചേട്ടനുമായും ഇസ്മായിൽ വളരെ സൗഹൃദത്തിലായി.
ഇവരാണ് ഇസ്മായിലിനെ പള്ളുരുത്തിയിൽ മെലോഡീസ് എന്ന സ്പീക്കർ വൈൻഡിങ്ങ് സ്ഥാപനം നടത്തിയിരുന്ന മോഹനൻ ചേട്ടൻ്റെയടുത്തേക്ക് റക്കമൻ്റ് ചെയ്ത് വിട്ടത്.
അന്ന് കേരളത്തിലെ പ്രമുഖ ഫോട്ടോ ഫോൺ കമ്പനി അംഗീകൃത സിനിമാ തീയേറ്റർ സ്പീക്കർ റീ വൈൻഡർ മോഹനൻ ചേട്ടനാണ്.
അക്കാലങ്ങളിൽ സിനിമാ തീയേറ്ററുകളിൽ ഉപയോഗിച്ചിരുന്നത് 230 വോൾട്ട് കറണ്ട് കൊടുത്ത് സ്പീക്കറിൻ്റെ ഇലക്ട്രോമാഗ് നെറ്റ് ഓണാക്കിയ ശേഷം പ്രവർത്തിപ്പിക്കുന്ന സ്പീക്കറുകളായിരുന്നു.
കറണ്ട് കൊടുക്കാതെ ആംപ്ലിഫയർ ഓണാക്കിയാൽ സ്പീക്കർ കത്തിപ്പോകും. മനുഷ്യസഹജമായ മറവികൾ മൂലം സ്പീക്കറുകൾ കേടാകാനുള്ള സാദ്ധ്യത അന്ന് വളരെ കൂടുതലായിരുന്നു.
തമിഴൻമാരാണ് അന്നത്തെ സ്പീക്കർ വൈൻഡർമാർ ഇവർ ഓരോ തീയേറ്ററിലും കയറി ഇറങ്ങി സ്പീക്കറുകൾ നന്നാക്കിപ്പോകും.
പക്ഷേ ആധുനിക തീയേറ്ററുകൾ നഗരങ്ങളിൽ വന്നതോടെ കമ്പനി നിർദ്ദേശിക്കുന്ന വിധത്തിൽ വൈൻഡ് ചെയ്യേണ്ടി വന്നു. ഇതിന് പരിചയ സമ്പന്നനായ മോഹനൻ ചേട്ടൻ തന്നെ വേണം ..
അപ്രൻ്റീസുകളെ ഏഴയലത്ത് അടുപ്പിക്കാത്ത മോഹനൻ ചേട്ടന് ഫോട്ടോ ഫോൺ കമ്പനിയുടെ ചീഫ് എഞ്ചിനീയർ മോഹൻ ബാലാജിയുടെ റക്കമൻ്റേഷൻ തള്ളിക്കളയാനാകുമായിരുന്നില്ല.
അങ്ങനെ ഇസ്മായിൽ പള്ളുരുത്തിയിലെ മോഹനൻ ചേട്ടൻ്റെ മെലോഡീസ് സ്പീക്കർ വൈൻഡേഴ്സിൽ
പണി പഠിക്കാൻ കയറി.
ഇത് ഇസ്മായിലിൻ്റെ ജീവിതം മാറ്റിമറിച്ചു.. നീണ്ട പതിനൊന്ന് വർഷം മോഹനൻ ചേട്ടൻ്റെ കൂടെ നിന്ന ശേഷം ഗുരുവിൻ്റെ സർവ്വവിധ അനുഗ്രഹങ്ങളോടെയും കൂടി കൊച്ചിയിൽ MACK വൈൻഡേഴ്സ് എന്ന സ്ഥാപനം സ്വന്തമായി ആരംഭിച്ചു..
സ്പീക്കർ വൈൻഡിങ്ങ് രംഗത്ത് തനിക്കുള്ള നീണ്ട നാളത്തെ പരിചയം മുൻനിറുത്തി വെറും ഒരു സ്പീക്കർ റീ വൈൻഡർ എന്ന നിലയിൽ നിന്ന് മാറി ചിന്തിച്ച് സ്വന്തമായി സ്പീക്കർ നിർമ്മാണം കൂടി ഇതിനിടയിൽ ഇസ്മായിൽ ആരംഭിച്ചു.
അങ്ങനെ കേരളത്തിലെ ആദ്യ വലിയ സ്പീക്കറുകളുടെ നിർമ്മാതാവ് എന്ന പേര് ഇസ്മായിൽ സ്വന്തമാക്കി.
8 ഇഞ്ച്, 12 ഇഞ്ച്, 15 ഇഞ്ച് അളവുകളിൽ തീയേറ്റർ ഉപയോഗത്തിനാവശ്യമായ ഫുൾ റേഞ്ച്, വൂഫർ സ്പീക്കറുകളുടെ നിർമ്മാണത്തിലാണ് MACK ശ്രദ്ധ കേന്ദ്രീകരിച്ചത്.
സ്പീക്കർ നിർമ്മാണത്തിലെ ഏത് പുതിയ ടെക്നോളജിയും പഠിക്കുന്നതിൽ ഇസ്മയിൽ ബദ്ധശ്രദ്ധനായിരുന്നു.
വിദേശ നിർമ്മിത കോപ്പർ ക്ലാഡ് അലുമിനിയം വയർ (CCAW ) കോപ്പർ ക്ലാഡ് അലുമിനിയം റിബൺ (CCAR) മെറ്റീരിയലുകൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ ആദ്യമായി സ്പീക്കറുകൾ നിർമ്മിച്ച് തുടങ്ങിയത് MACK ആയിരുന്നു.
ഇപ്പോൾ സ്പീക്കറുകൾ കൂടാതെ സ്പീക്കറുകൾക്കും, വൂഫറുകൾക്കും അവശ്യ ഘടകമായ റബർ പെർഫോറേറ്റഡ് സറൗണ്ട് റിങ്ങുകളും, അവ നിർമ്മിക്കാനുള്ള മെറ്റൽ ഡൈകളും ബ്രിട്ടീഷ് ബ്രാൻഡായ ടാനോയിയുടെ സഹകരണത്തോടെ MACK. കേരളത്തിൽ നിർമ്മിക്കുന്നുണ്ട്.
കമ്പനിയുടെ തുടക്ക. കാലത്ത് സവിശേഷ തരത്തിലുള്ള ഹെവി ഡ്യൂട്ടി സ്പീക്കർ ബാസ്ക്കറ്റുകൾ ഇസ്മായിലിൻ്റെ ഡിസൈനിൽ എറണാകുളം ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള ജോസഫ് ആശാൻ ലേത്തിൽ നിർമ്മിച്ച് നൽകിയിരുന്നു. ഇപ്പോൾ അവ കൊറിയയിൽ നിന്നും ഇംപോർട്ട് ചെയ്യുകയാണ്.
ഇന്ത്യയിലെ മിക്കവാറും വൻകിട തീയേറ്ററുകളിൽ കേരളത്തിൽ നിർമ്മിക്കുന്ന MACK നിർമ്മിത സ്പീക്കറുകൾ ഉപയോഗിക്കുന്നു എന്നത് നമുക്കും അഭിമാനിക്കാവുന്ന ഒരു വാർത്തയാണ്.
ഹൈ വാട്ട് തീയേറ്റർ സ്പീക്കറുകളുടെ നിർമ്മാണത്തിലേക്ക് കടന്നപ്പോഴാണ് തീയേറ്ററുകളിൽ ഉപയോഗിക്കുന്ന ആംപ്ലിഫയറുകളുടെ ലിമിറ്റേഷൻസ് ഇസ്മായിലിൻ്റെ ശ്രദ്ധയിൽ പെട്ടത്. PAയ്ക്ക് ഉപയോഗിക്കുന്ന ആമ്പുകളാണ് അന്ന് തീയേറ്ററുകളിൽ ഉപയോഗിച്ച് പോന്നത്.
ശബ്ദ ഗുണം കൂടിയ വിദേശ നിർമ്മിത പ്രൊഫഷണൽ ആമ്പുകൾക്ക് വൻ വിലയുമായിരുന്നു.
ശബ്ദ സൗകുമാര്യം കൂടിയതും ,എന്നാൽ വിദേശ ആമ്പുകളുടെ വില വരാത്തതുമായ പ്രൊഫഷണൽ ആംപ്ലിഫയറുകളുടെ നിർമ്മാണത്തിലേക്ക് കൂടെ ഇസ്മായിൽ പതിയെ കാൽ വച്ചു.
MACKഎന്ന ബ്രാൻഡിലായിരുന്നു ആ തുടക്കം. ഡോൾബി യിലെ ജോസേട്ടൻ അടക്കമുള്ള സുഹൃത്തുക്കൾ ഇതിന് മാർഗ്ഗ നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ പ്രീയ സുഹുത്തായ രമേഷ് നമ്പ്യാർ ഈ സംരംഭത്തിനാവശ്യമായ നിർലോഭമായ പൂർണ്ണ സാമ്പത്തിക പിൻതുണയും നൽകി.
ഇപ്പോൾ ഇന്ത്യയിലെമ്പാടും ഡീലർനെറ്റ് വർക്കും, സർവ്വീസ് പിൻതുണയുമുള്ള പ്രമുഖ ആംപ്ലിഫയർ ബ്രാൻഡായി MACK മാറിയിരിക്കുകയാണ്.
MACKൻ്റെ ആസ്ഥാനം കൊച്ചിയിലും, ആംപ്ലിഫയർ ഷോറൂമും,MACK സ്പീക്കർ റീ വൈൻഡിങ്ങ്‌ യൂണിറ്റും എറണാകുളം പള്ളിമുക്കിലാണ്.
മാക്കിൻ്റെ സ്പീക്കർ നിർമ്മാണ ഫാക്ടറി ഫോർട്ട് കൊച്ചിയിലുമാണ്.
ഹൈ വാട്ട്സ്, ഹൈ എൻഡ് പ്രൊഫഷണൽ ആംപ്ലിഫയറുകൾ, മിക്സറുകൾ, ലൈൻ അറേ സ്പീക്കർ സിസ്റ്റം, ഹൈവാട്ട് നിയോഡൈമിയം വൂഫറുകൾ, ട്വീറ്ററുകൾ എന്നിങ്ങനെ വളരെ വിപുലമാണ് MACKൻ്റെ ഉൽപ്പന്ന നിര.
18 ഇഞ്ച് 1000 വാട്ട് ഫെറൈറ്റ് മാഗ് നെറ്റ് സ്പീക്കറിന് ഏകദേശം 14 കിലോ ഭാരം വരുമ്പോൾ തുല്യ വാട്ടുള്ള അതിലും പെർഫോമൻസ് ഉള്ള 18 ഇഞ്ച് വൂഫറിന് 4 കിലോ ഭാരമേയുള്ളൂ.
ഈ വരുന്ന ഓണത്തോടനുബന്ധമായി മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഹോം ഓഡിയോ എന്ന പുതിയ സെഗ്മെൻ്റിലേക്ക് കടക്കാൻ ഉദ്ദേശിക്കുകയാണ് MACK
വളരെ ഗുണമേൻമയേറിയ ഓഡിയോ ഉൽപ്പന്നങ്ങൾ താങ്ങാനാകുന്ന വിലയ്ക്ക് ഓരോ വീട്ടിലും എത്തിക്കുക എന്നതാണ് MACK ഹോം ഓഡിയോയുടെ ലക്ഷ്യം.
പുതുതലമുറയും ഓഡിയോ ബിസിനസിൽ സജീവമാണ്. ഇളയ മകനായ മഖ്ബൂലാണ് MACKൻ്റെയും MACK ൻ്റെയും ടെക്നിക്കൽ സൈഡും, പ്രൊഡക്ഷൻ യൂണിറ്റുകളും കൈകാര്യം ചെയ്യുന്നത്.
ഇതിനിടെ ഒരു രഹസ്യം ! തനിക്ക് നിർലോഭമായ പിൻതുണ നൽകിയ പിതാവിൻ്റെ സ്മരണാർത്ഥമാണ് മാളിയേക്കൽ കാദർ എന്നതിൻ്റെ ചുരുക്കമായ MACK എന്ന പേര് അദ്ദേഹം തൻ്റെ സ്ഥാപനത്തിന് നൽകിയിരിക്കുന്നത്.
അറുപത്തഞ്ചാം വയസിലേക്ക് കടക്കുന്ന ഇസ്മായിലിക്ക തൻ്റെ പുതിയ ലക്ഷ്യങ്ങളിലേക്ക് അവിരാമം, അവിശ്രമം കുതിച്ച് കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ നിർമ്മിക്കുന്ന പ്രൊഫഷണൽ PA സിസ്റ്റങ്ങളുടെ ബുദ്ധികേന്ദ്രമായ
ഇസ്മയിലിക്കയെ പരിചയപ്പെടാനും, സപീക്കർ നിർമ്മാണ യൂണിറ്റ് പോലുള്ളവ ആരംഭിക്കാനും, മാഗ് നെറ്റ് ചാർജർ ,ബാസ്ക്കറ്റ്, കോൺപേപ്പർ, റബർ ഗാസ്ക്കെറ്റുകൾ, ഇംപോർട്ടഡ് കോയിലുകൾ തുടങ്ങി എന്തും ഒപ്പം അദ്ദേഹത്തിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും നിങ്ങൾക്കും ലഭ്യമാകും..
കൂടുതൽ വിവരങ്ങൾക്ക് 7012068247 എന്ന വാട്സാപ്പ് നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെടാം.എഴുതിയത് #അജിത്കളമശേരി. #Ajithkalamassery, 22.03.2024

 20 വാട്ട് ക്ലാസ് 

AB ആംപ്ലിഫയർ സർക്യൂട്ട് . 


 

 

 വില കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതുമായ LA 4440 ഐസി വച്ചുള്ള ഒരു 20 വാട്ട് ക്ലാസ് AB ആംപ്ലിഫയർ സർക്യൂട്ട് . വളരെ ലളിതമായതും 12 വോൾട്ട് 2 ആമ്പിയർ പവർസപ്ലേയിൽ പ്രവർത്തിക്കുന്നതുമാണിത്. Ic യുടെ നാലാമത്തെ പിന്നിന് കണക്ഷൻ ഇല്ല. ic ഒരു അലുമിനിയം ഹിറ്റ് സിങ്കിൽ ഉറപ്പിക്കണം. 18 വോൾട്ടിൽ കൂടുതൽ കൊടുത്താൽ ic ചീത്തയാകും.സ്പീക്കർ 4 ഓംസ് ആറിഞ്ച് ഫുൾ റേഞ്ച് കൊടുക്കാം

എഫ്.എം സിഗ്നൽ ബൂസ്റ്റർ

 എഫ്.എം സിഗ്നൽ ബൂസ്റ്റർ


 

 

വളരെയധികം പേർ നിരന്തരം ആവശ്യപ്പെടുന്ന ഒരു സർക്യൂട്ടാണ് എഫ്.എം സിഗ്നൽ ബൂസ്റ്ററിൻ്റേത്.
ഇതാ ഇവിടെ റേഡിയോേ കേൾക്കാൻ താൽപ്പര്യമുള്ളവർക്കായി ഒരു ഹൈ ഗയിൻ സിഗ്നൽ എഫ് എം ബൂസ്റ്ററിൻ്റെ സർക്യൂട്ട് കൊടുക്കുന്നു.
വളരെ ലളിതമായി ചെറിയ ഒരു കോമൺ pcb യിൽ ഈ സർക്യൂട്ട് നിങ്ങൾക്ക് അസംബിൾ ചെയ്യാം.
Q1, Q 2 എന്ന രണ്ട് NPN സിലിക്കോൺ ട്രാൻസിസ്റ്ററുകളാണ് ഈ സർക്യൂട്ടിൻ്റെ ക്രിട്ടിക്കൽ കോമ്പോണെൻ്റുകൾ.
2 N3904 എന്ന നമ്പരാണ് ഇതിനായി ഉപയോഗിക്കുന്നത്
L1, L2 എന്നീ രണ്ട് കോയിലുകൾ നമ്മൾ സ്വന്തമായി നിർമ്മിച്ചെടുക്കണം ഇത് പുറത്ത് വാങ്ങാൻ കിട്ടില്ല.
22 SWG എന്ന ഗേജിലുള്ള ഇൻസുലേറ്റഡ് കോപ്പർ വയർ 5 മില്ലിമീറ്റർ ഡയ മീറ്ററുള്ള ഫോർമറിൽ 4 ചുറ്റ് വൈൻഡ് ചെയ്തെടുത്ത് ഇവ നിർമ്മിക്കാം.
ഒരു ജൽ പേനയുടെ റീഫില്ലറോ,5mm ഡ്രിൽ ബിറ്റോ ഫോർമറായി ഉപയോഗിക്കാം.
L1, L2 എന്നീ കോയിലുകളുടെ സമീപത്തായി സർക്യൂട്ടിൽ കാണുന്നത് 30 pfൻ്റെ ട്രിമ്മർ കപ്പാസിറ്ററുകളാണ്. ഇവയുടെ വാല്യു ക്രിട്ടിക്കൽ അല്ല. വിപണിയിൽ ലഭ്യമായത് ഉപയോഗിക്കാം.
സർക്യൂട്ട് നോക്കി ബൂസ്റ്റർ അസംബിൾ ചെയ്യുക. 6 വോൾട്ട് മുതൽ 12 വോൾട്ട് വരെ ഈ സർക്യൂട്ടിൽ നൽകാം.
റഗുലേറ്റഡ് വോൾട്ടേജ് കിട്ടിയാൽ സർക്യൂട്ട് സ്റ്റബിൾ ആയിരിക്കും. ഇതിന് വേണ്ടി 12 വോൾട്ട് കൊടുത്ത് അതിനെ ഒരു 9 വോൾട്ട് സെനർ ഡയോഡ് വഴി ഒരു 100uf കപ്പാസിറ്റർ ഉപയോഗിച്ച് സ്റ്റേബിൾ ചെയ്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.
സെനർ ഡയോഡിന് സമീപമുള്ള 150 ഓംസ് റസിസ്റ്റർ ഹാഫ് വാട്ട് ഉപയോഗിക്കണം.
സപ്ലേ കൊടുത്തതിന് ശേഷം Q1 ൻ്റെ ബേസിൽ 0.68 വോൾട്ടും ,കളക്റ്ററിൽ 3.85 വോൾട്ടും, Q 2 വിൻ്റെ ബേസിൽ 0.68 വോൾട്ട് വരുന്നുണ്ടെങ്കിൽ സർക്യൂട്ട് OKയാണ്.
കോമ്പോണെൻ്റുകളുടെ വാല്യൂ വേരിയേഷൻ മൂലവും, ട്രാൻസിസ്റ്ററിൻ്റെ Hfe വ്യത്യാസം മൂലവും ഈ വോൾട്ടിൽ ചെറിയ വ്യത്യാസങ്ങൾ വന്നാലും സാരമില്ല.സർക്യൂട്ട് പ്രവർത്തിക്കും.
അധികം വേരിയേഷനുണ്ടെങ്കിൽ അസംബിൾ ചെയ്ത സർക്യൂട്ട് ഒന്നുകൂടി ചെക്ക് ചെയ്യുക.
Q1 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ നിന്നും ഒരു കേബിൾ കണക്റ്റർ ഉപയോഗിച്ച് വീടിന് പുറത്ത് സ്ഥാപിച്ച എക്സ്ട്രേണൽ ആൻ്റിനയിലേക്ക് കണക്ഷൻ കൊടുക്കുക. Q2 വിൻ്റെ കളക്റ്ററിൽ കൊടുത്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ഒരു കണക്ഷൻ വയർ നമ്മുടെ FM റേഡിയോയുടെ ആൻ്റിനയിലേക്ക് കൊടുക്കുക..
വീക്കായ FM റേഡിയോ സ്റ്റേഷനുകൾ പോലും നല്ല സ്റ്റീരിയോ മോഡിൽ അടിപൊളിയായി പ്രവർത്തിക്കും.
ഗയിൻ കൂടുതലാണെങ്കിൽ Q2 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ കണക്റ്റ് ചെയ്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ആൻ്റിനാ ഔട്ട് എടുക്കാം.
നല്ല ക്വാളിറ്റിയിൽ വൈഡ് റേഞ്ച് FM സിഗ്നൽ ബൂസ്റ്റ് ചെയ്യുന്ന സർക്യൂട്ടാണിത്. ഫ്രിഞ്ച് ഏരിയയിൽ പോലും നന്നായി പ്രവർത്തിക്കും.
ബൂസ്റ്ററിലേക്ക് FM സിഗ്നൽ നൽകാൻ വീടിന് പുറത്തേക്കിട്ട വയറുകളോ. ഡൈ പോളോ ഉപയോഗിക്കാം.
വിദൂരതയിൽ നിന്നുള്ള FM സിഗ്നലുകൾ സ്റ്റീരിയോ മോഡിൽ ലഭിക്കണമെങ്കിൽ നല്ല ഒരു FM ആൻ്റിന ഈ ബൂസ്റ്ററിനൊപ്പം കണക്റ്റ് ചെയ്യണം.
പ്രിൻ്റ് എടുക്കുവാൻ വേണ്ടി കളറില്ലാത്ത സർക്യൂട്ട് ഫസ്റ്റ് കമൻ്റായി ചേർത്തിട്ടുണ്ട്.

കുട്ടികൾ കാരണം നിറുത്തിപ്പോയ റേഡിയോ മോഡൽ.

 

കുട്ടികൾ കാരണം നിറുത്തിപ്പോയ
 റേഡിയോ മോഡൽ.

 
 
 
പല പല കാരണങ്ങൾ കൊണ്ട് ചില മോഡലുകളുടെ നിർമ്മാണം കമ്പനികൾ അവസാനിപ്പിക്കാറുണ്ട്. എന്നാൽ കുട്ടികളുടെ വികൃതി കാരണം പോപ്പുലറായിരുന്ന ഒരു മോഡലിൻ്റെ നിർമ്മാണം ഫിലിപ്സ് റേഡിയോ കമ്പനി ഇന്ത്യയിൽ അവസാനിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്താത്ത ആ കഥയാവട്ടെ ഇത്തവണ.
2002 ഫെബ്രുവരി രണ്ടിന് ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ ഒരു നവീന ഉൽപ്പന്നമായിരുന്നു RL 117 എന്ന ബാറ്ററി വേണ്ടാത്ത ഫ്രീ പവർ റേഡിയോ !
ഫിലിപ്സിൻ്റെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഡിവിഷൻ വൈസ് പ്രസിഡൻ്റ് രാജീവ് കർവാർ മുംബയിലാണ് ഈ ഉൽപ്പന്നം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്.
റേഡിയോയുടെ പുറക് വശത്ത് മടക്കി വച്ചിരിക്കുന്ന ഒരു ഹാൻഡിൽ നിവർത്തി ഏകദേശം 2 മിനിറ്റ് കറക്കിയാൽ ഒന്നര മണിക്കൂർ നേരം റേഡിയോ സാമാന്യം ശബദത്തിൽ പ്രവർത്തിക്കും.
ഹാൻഡിൽ തിരിക്കുമ്പോൾ ഉള്ളിലുള്ള ഡൈനാമോ കറങ്ങി അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന നിക്കൽ കാഡ്മിയം റീചാർജബിൾ ബാറ്ററികൾ ചാർജാവുകയും റേഡിയോ പ്രവർത്തിക്കാനാവശ്യമായ പവർ ലഭിക്കുകയും ചെയ്യും.
FM ,MW, SW ഉൾപ്പടെ മൂന്ന് ബാൻഡ് റേഡിയോ ആയിരുന്നു RL 117.
റേഡിയോയിൽ ഉപയോഗിക്കുന്ന ബാറ്ററി പോലും ആഡംബര വസ്തുവായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ജന സാമാന്യത്തിനുള്ള ഉപഹാരമായിട്ടായിരുന്നു ഫിലിപ്സ് ഈ റേഡിയോ 20 വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയത്.
995 രൂപ നൽകി റേഡിയോ വാങ്ങിയാൽ പിന്നെ ബാറ്ററി മാറ്റിയിടുന്ന പണച്ചിലവിനെപ്പറ്റി വേവലാതി വേണ്ട എന്നതിനാൽ ഈ മോഡൽ റേഡിയോ വളരെ വേഗം ജനപ്രീയമായി . ലക്ഷക്കണക്കിന് റേഡിയോകൾ ചൂടപ്പം പോലെ വിറ്റുപോയി.
നല്ല ശബ്ദ ശുദ്ധിയും ,ഒതുക്കവും ,ഭാരക്കുറവും 117 ൻ്റെ പ്രചാരം വർദ്ധിപ്പിച്ചു.
ചാർജിങ്ങ് സംവിധാനത്തിൻ്റെ ഹാൻഡിൽ അസംബ്ലി കറക്കുന്നത് രസകരമായ ഒരനുഭവമായിരുന്നു. ഇത് മൂലം കുട്ടികൾ കണ്ണ് തെറ്റിയാൽ ഈ റേഡിയോ എടുത്ത് കളിപ്പാട്ടമായി ഉപയോഗിച്ച് കറക്കി, കറക്കി റേഡിയോയുടെ ഹാൻഡിൽ ഒടിക്കും!.
ഏതാനും മിനിറ്റുകൾ തിരിക്കാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഡൈനാമോ അസംബ്ലിയെ കുട്ടികൾ ദീർഘനേരം കറക്കി തിരിക്കുമ്പോൾ ബാറ്ററി കട്ടോഫ് സംവിധാനം ഇല്ലാത്തതിനാൽ ഓവർ ചാർജ് കയറി ബാറ്ററി പോകും. അതിൻ്റെ പ്ലാസ്റ്റിക് ഗിയർ വീലുകൾ ചൂടായി പൊട്ടിപ്പോകും.
ഇങ്ങനെ കുട്ടികളുടെ ശല്യം മൂലം കേടായ റേഡിയോകളുടെ ഹാൻഡിൽ അസംബ്ലി മാറ്റിക്കൊടുത്ത് മടുത്ത ഫിലിപ്സ് കമ്പനി 2005 ൽ. ഇറക്കി 3 വർഷം കഴിഞ്ഞപ്പോൾ നല്ല ഡിമാൻഡ് ഉണ്ടായിട്ടും ഈ മോഡൽ റേഡിയോകളുടെ നിർമ്മാണം ഇന്ത്യയിൽ അവസാനിപ്പിച്ചു.
ടേപ്പ് റിക്കോർഡറുകളിൽ ഉപയോഗിക്കുന്ന ചെറിയ മോട്ടോറിനെ ഹാൻഡിൽ തിരിക്കുമ്പോൾ ഉണ്ടാകുന്ന കറക്കത്തെ ഗിയർ സംവിധാനം ഉപയോഗിച്ച് വേഗത കൂട്ടി മോട്ടോർ കോയിലിൽ ലഭ്യമാകുന്ന ആൾട്ടർനേറ്റിങ്ങ് കറണ്ടിനെ ഒരു ബ്രിഡ്ജ് റക്റ്റിഫയർ സംവിധാനം ഉപയോഗിച്ച് പൾസേറ്റിങ്ങ് DC വോൾട്ടാക്കി ബാറ്ററി ചാർജ് ചെയ്യുക എന്നതായിരുന്നു ഈ റേഡിയോയുടെ ടെക്നോളജി.
ചെറിയ DC മോട്ടോർ കറക്കി LED കത്തിക്കുന്നതിൻ്റെ പരിഷ്കൃത രൂപം എന്ന് കരുതിയാൽ മതി.
ഇക്കാലത്ത് വളരെ അപൂർവ്വമായ RL 117 free power മോഡൽ റേഡിയോ കളക്റ്റേഴ്സിൻ്റെ ഇടയിൽ ഒരു സൂപ്പർ സ്റ്റാറാണ്. എഴുതിയത് #അജിത്_കളമശേരി 14.12.2023,#ajithkalamassery

12 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്.

 12 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്. കമ്പനി വ്യത്യാസം അനുസരിച്ച് ചില പാർട്സുകളുടെ വാല്യൂ വ്യത്യാസം ഉണ്ടാകും. ഈ സർക്യൂട്ട് നന്നാക്കി പഠിക്കുന്നവരുടെ റഫറൻസിന് വേണ്ടി മാത്രം.

 

 


 

7 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്.

 7 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്. കമ്പനി വ്യത്യാസം അനുസരിച്ച് ചില പാർട്സുകളുടെ വാല്യൂ വ്യത്യാസം ഉണ്ടാകും. ഈ സർക്യൂട്ട് നന്നാക്കി പഠിക്കുന്നവരുടെ റഫറൻസിന് വേണ്ടി മാത്രം.

 


 

9 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്

 9 Watt LED ബൾബിൻ്റെ കോമൺസർക്യൂട്ട്. കമ്പനി വ്യത്യാസം അനുസരിച്ച് ചില പാർട്സുകളുടെ വാല്യൂ വ്യത്യാസം ഉണ്ടാകും. ഈ സർക്യൂട്ട് നന്നാക്കി പഠിക്കുന്നവരുടെ റഫറൻസിന് വേണ്ടി മാത്രം.